തിരുവനന്തപുരം: കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകളില്‍ വ്യാപക വിജിലന്‍സ് പരിശോധന. ഇന്നലെ രാത്രി വൈകിയും നടന്ന പരിശോധനകളിൽ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി.
ഭൂമി തരംമാറ്റലിനും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി ഇടനിലക്കാരുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖകളും കണ്ടൈത്തി. ഓപ്പറേഷന് ഹരിത കവചം എന്ന പേരിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 27 റവന്യു ഡിവിഷണല്‍ ഓഫീസുകളിലും തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഓഫീസുകളിലുമായി 69 ഓഫീസുകളിലാണ് ഇന്നലെ രാവിലെ മുതല്‍ വിജിലന്‍സ് പരിശോധന നടത്തിയത്.
ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി റവന്യു ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലിയും അനധികൃത പ്രതിഫലവും കൈപ്പറ്റിയും സ്വാധീനത്തിന് വഴങ്ങിയും ചില ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഭൂമി തരം മാറ്റുന്നതിനായി അനുകൂല റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിക്കുകയാണ്.